പകർച്ചവ്യാധികൾ നേരത്തേതന്നെ കണ്ടെത്താനും ആവശ്യമായ പ്രതിരോധമൊരുക്കാനും സഹായിക്കുന്ന സോഫ്റ്റ്വേർ ഒരുക്കി നാലംഗ സംഘം.
ചെന്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽനിന്ന് ഈ വർഷം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബിരുദം പൂർത്തിയാക്കിയ പി.എസ്. അക്ഷയ്ജിത്ത്, ജോൺസ് കുര്യൻ, നീരജ് ദിനേശൻ, രോഹൻ ജിം എന്നീ വിദ്യാർഥികളാണ് ഗൈഡ് കെ. ദിവ്യയുടെ മേൽനോട്ടത്തിൽ കേരള എപ്പിഡെമിക് ഫോർകാസ്റ്റിംഗ് സിസ്റ്റം (കെഇഎഫ്എസ്) എന്ന സാങ്കേതിക സംവിധാനം ഒരുക്കിയത്.
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെയാണ് വിദ്യാർഥികൾ ഈ സാങ്കേതിക സംവിധാനം വികസിപ്പിച്ചത്. മുൻ വർഷങ്ങളിലെ രോഗവിവരങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളുൾപ്പെടെ വിശകലനം ചെയ്ത് ഭാവിയിൽ പകർച്ചവ്യാധി ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന സംവിധാനമാണിത്.
കെഇഎഫ്എസിലൂടെ ആരോഗ്യവകുപ്പിന് രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തേ തിരിച്ചറിയാനാകും. ഇതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള സമയവും ലഭിക്കും. ഇക്കാരണത്താൽതന്നെ രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാനും ചികിത്സാ സംവിധാനങ്ങൾ, പ്രതിരോധ പ്രവർത്തനം എന്നിവ ഒരുക്കാനും ആരോഗ്യ വകുപ്പിന് സമയം ലഭിക്കും. സാധാരണ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
രോഗങ്ങൾ വ്യാപിച്ചതിനുശേഷം നടപടികൾ സ്വീകരിക്കുന്നതിനു പകരം മുൻകൂട്ടി മനസിലാക്കി പൊതുജനങ്ങൾക്ക് ഉണർന്നു പ്രവർത്തിക്കാനുമാകും. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാകുന്നതിനൊപ്പം പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സാധ്യമാകും.
സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പഠനകാലത്ത് ഈ പദ്ധതി വികസിപ്പിച്ചെടുത്തതെന്ന് പി.എസ്. അക്ഷയ്ജിത്ത്, ജോൺസ് കുര്യൻ, നീരജ് ദിനേശൻ, രോഹൻ ജിം എന്നിവർ പറഞ്ഞു.